Banner Ads

കസ്റ്റഡിയിലെടുത്തവരെ കാണാനെത്തിയ നേതാക്കളുമായി ഏറ്റുമുട്ടൽ; പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ സംഘർഷം

കോഴിക്കോട് : കോഴിക്കോട് പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് നേതാക്കളും പൊലീസുകാരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. അതിക്രമത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെടെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജില്ലാ പഞ്ചായത്ത്‌ അംഗമായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി സെക്രട്ടറി വി. പി ദുൽഖീഫിൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് യുഡിഎഫ് പ്രവർത്തകരെ സന്ദർശിക്കാനായി എത്തിയതായിരുന്നു.

പ്രവർത്തകർ സ്റ്റേഷനകത്തേക്ക് കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. ദുൽഖീഫിലും പൊലീസും തമ്മിൽ നേരിട്ട് കയ്യാങ്കളിയുണ്ടായതിനെ തുടർന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പരിക്കേറ്റ പൊലീസുകാർ ആശുപത്രിയിൽ ചികിത്സ തേടിയതായി പേരാമ്പ്ര പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.