Banner Ads

സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം : കേരള സർവകലാശാലയിൽ വിദ്യാർഥികൾക്ക് നേരെ നടപ്പിലാക്കിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധത്തിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.

പൊലീസിന്റെ മർദ്ദനമേറ്റതാണ് സഞ്ജീവിന്റെ ആരോഗ്യനില വഷളാകാൻ കാരണമെന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു. കേരള സർവകലാശാലയിലെ സംഘപരിവാർ നയങ്ങൾക്കെതിരെയും വിദ്യാർഥികൾക്ക് നേരെ നടന്ന പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ് എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചത്.

സെക്രട്ടറിയേറ്റ് കോമ്പൗണ്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. പൊലീസിന്റെ ഭാഗത്തുനിന്ന് മനപൂർവം പ്രകോപനമുണ്ടാക്കുന്ന നിലപാടാണ് ഉണ്ടായതെന്ന് സമരക്കാർ വിമർശിച്ചു. വി ജോയ് എംഎൽഎയുടെ നേതൃത്വത്തിലാണ് കാര്യങ്ങൾ ഏകോപിപ്പിച്ചത്.

സർവകലാശാലാ പരിപാടിക്കിടെ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷങ്ങളുടെ തുടക്കം. വനിതാ പൊലീസിന്റെ സാന്നിധ്യമില്ലാതെ പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളെ പൊലീസ് മർദ്ദിക്കുകയായിരുന്നുവെന്ന് സംഘടന ആരോപിച്ചു.

ഇതിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി എസ്എഫ്ഐ പ്രതിഷേധം നടത്തുകയാണ്. പാലക്കാട് എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിലും പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു.