
ദില്ലി : വയനാട് ദുരന്തത്തിൽ കൂടുതൽ കേന്ദ്രസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നാളെ നടക്കും. കൃഷ്ണമേനോൻ മാർഗിലെ അമിത് ഷായുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.
അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. മന്ത്രിമാരായ കെഎൻ ബാലഗോപാലും മുഹമ്മദ് റിയാസും ദില്ലിയിലുണ്ടെങ്കിലും ചീഫ് സെക്രട്ടറി മാത്രമാണ് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്. വയനാട് ദുരന്തത്തിന്റെ പുനർനിർമ്മാണത്തിനായി കേരളം രണ്ടായിരം കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ ഇതുവരെ കേന്ദ്രം അനുവദിച്ചത് 206.56 കോടി രൂപ മാത്രമാണ്. കൂടുതൽ സഹായം അനുവദിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ പ്രധാന ആവശ്യം. അമിത് ഷായുമായി സംസാരിച്ച ശേഷം മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയെയും കണ്ടു. കേരളത്തിന് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയായി.
നിയമസഭ തെരഞ്ഞെടുപ്പിന് ചുരുങ്ങിയ മാസങ്ങള്‍ മുന്‍പിലുള്ളപ്പോള്‍ പരമാവധി കേന്ദ്രസഹായം സംസ്ഥാനത്തെത്തിക്കാനാണ് ശ്രമം. ശബരിമലയിലെ സ്വർണപ്പാളി വിവാദം കേരളത്തിൽ കത്തി നിൽക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ദില്ലി സന്ദർശനം.