
ചേർത്തല : ഐഷ തിരോധാനക്കേസിലും പ്രതി സെബാസ്റ്റ്യനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ഇതോടെ മൂന്ന് കൊലക്കേസുകളിലാണ് സെബാസ്റ്റ്യൻ പ്രതിയായി. ഏറ്റുമാനൂർ ജൈനമ്മ തിരോധാനക്കേസും ബിന്ദു പത്മനാഭൻ തിരോധാനക്കേസും ക്രൈംബ്രാഞ്ചാണ് നിലവിൽ അന്വേഷിക്കുന്നത്.
ചേർത്തല സ്വദേശിനി ഐഷയെ 2012-ലാണ് കാണാതായത്.ഈ കേസ് ചേർത്തല പോലീസാണ് അന്വേഷിച്ചു വന്നിരുന്നത്. റിമാൻഡിലായിരുന്ന സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോൾ ഐഷയെയും കൊലപ്പെടുത്തിയെന്ന് ഇയാൾ സമ്മതിച്ചതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഷയുടെ തിരോധാനക്കേസ് കൊലപാതകക്കേസാക്കി മാറ്റി സെബാസ്റ്റ്യനെ പ്രതിചേർത്ത് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്.
ഈ കേസിൽ സെബാസ്റ്റ്യന്റെ അറസ്റ്റ് പോലീസ് ഉടൻ രേഖപ്പെടുത്തും. തുടർന്നുള്ള കസ്റ്റഡി ചോദ്യം ചെയ്യലിലൂടെ ഐഷയെ എന്തിനുവേണ്ടി എങ്ങനെ കൊലപ്പെടുത്തി എന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു. നേരത്തെ, ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു. ജൈനമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ പുരയിടത്തിൽ നടത്തിയ പരിശോധനയിൽ ലഭിച്ച അസ്ഥികൂട അവശിഷ്ടങ്ങൾ ആരുടേതാണെന്ന ഡി.എൻ.എ. പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഈ റിപ്പോർട്ട് കേസിൽ നിർണായകമാണ്.