
കൊച്ചി : ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച കേസിൽ പ്രതിയായ 17കാരന്റെ ജാമ്യം റദ്ദാക്കില്ല. അപകടത്തിൽ കൊല്ലപ്പെട്ട മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബവും പ്രൊസിക്യൂഷനും നൽകിയ അപ്പീലുകൾ കോടതി തള്ളി. ഇതോടെ 17കാരൻ ജാമ്യത്തിൽ തുടരും. അപ്പീലുകളിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ രൂക്ഷമായി വിമർശിച്ചു.
എന്ത് അടിസ്ഥാനത്തിലാണ് 17കാരനെതിരെ കേസെടുത്തതെന്ന് ചോദ്യമുന്നയിച്ച കോടതി ഗുരുതരമായ കുറ്റകൃത്യമല്ലെങ്കിൽ ജുവനൈൽ പ്രതികൾക്കെതിരെ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന് ഓർമിപ്പിച്ചു. കൂടാതെ വീഴ്ച വരുത്തിയതിന് പിഴ ചുമത്താതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് പ്രൊസിക്യൂഷനോട് നിർദേശിക്കുകയും ചെയ്തു.
അതിനിടെ കേസിൽ 17കാരന്റെ പിതാവായ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കഴിഞ്ഞ മാസം 25ന് പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടമുണ്ടാക്കിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി സ്ഥിരമായി കാറോടിക്കുന്ന ആളാണെന്ന് പോലീസ് പറയുന്നു.
അതിവേഗത്തിൽ കാറോടിക്കുന്നതിന്റെ സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കാനാണ് രാത്രി വൈകി ഇയാൾ വാഹനവുമായി ഇറങ്ങിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അപകടത്തിന് തൊട്ടുമുൻപ് ഇയാൾ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.