
പാലക്കാട്: നെന്മാറ പോത്തുണ്ടിയിലെ സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. ചെന്താമരക്കെതിരെ ചുമത്തിയ കൊലപാതകം, തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കയറൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു.
കേസിൽ ഒക്ടോബർ 16-ന് ശിക്ഷാവിധി പ്രഖ്യാപിക്കും കുറ്റക്കാരനാണെന്ന കോടതി വിധി യാതൊരു ഭാവഭേദവുമില്ലാതെയാണ് ചെന്താമര കേട്ടുനിന്നത്. കോടതി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് ചോദിച്ചപ്പോൾ, “ഒന്നുമില്ല” എന്നായിരുന്നു മറുപടി. വിധി കേൾക്കാൻ സജിതയുടെ മക്കളായ അതുല്യയും അഖിലയും കോടതിയിൽ എത്തിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് ഇരുവരും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
2019 ഓഗസ്റ്റ് 31-നാണ് അയൽവാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ ചെന്താമര എന്ന ചെന്താമരാക്ഷൻ വീട്ടിൽ കയറി വെട്ടിക്കൊന്നത്.തന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം സജിതയാണെന്ന് സംശയിച്ചതിനെ തുടർന്നായിരുന്നു ക്രൂരമായ കൊലപാതകം.സാഹചര്യത്തെളിവുകളും പ്രതിയുടെ ഭാര്യ ഉൾപ്പെടെയുള്ള അൻപത് സാക്ഷികളുടെ മൊഴികളും കേസിൽ നിർണായകമായി.
കൃത്യം നടന്ന ദിവസം കൊല നടന്ന ദിവസം സജിത വീട്ടിൽ ഒറ്റയ്ക്കായിരുന്നു. മക്കൾ സ്കൂളിലും ലോറി ഡ്രൈവറായ ഭർത്താവ് സുധാകരൻ തമിഴ്നാട്ടിലുമായിരുന്നു.സജിത കൊലക്കേസിൽ റിമാൻഡിലായിരുന്ന ചെന്താമര ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് കേരളത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നടത്തിയത്. ഈ കേസിൽ വിധി വരുന്നതോടെ, ചെന്താമര തന്നെ പ്രതിയായ നെന്മാറ ഇരട്ടക്കൊലപാതകക്കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കാൻ ആലോചനയുണ്ട്.