
ടെല്‍ അവീവ്: ഒരിടവേളയ്ക്ക് ശേഷം ഗാസ മുനമ്പ് വീണ്ടും സംഘർഷഭരിതമായി. നിലവിലുള്ള വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇസ്രായേൽ സൈന്യം നടത്തിയ ശക്തമായ ബോംബ് ആക്രമണത്തിൽ 97 പേരോളം കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഇസ്രായേൽ നിയന്ത്രിത പ്രദേശത്തേക്ക് ഹമാസ് വെടിയുതിർത്തുവെന്ന് ആരോപിച്ചാണ് റാഫ ഉൾപ്പെടെ ഗാസയിലെ വിവിധ ഇടങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയത്.
വെടിനിർത്തൽ കരാർ ലംഘിച്ച ഹമാസിനെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇസ്രായേൽ പ്രതിരോധ സേനയ്ക്ക് (IDF) നിർദ്ദേശം നൽകി.ഇതോടെ, മേഖലയിൽ സമാധാനം ലക്ഷ്യമിട്ടുള്ള രണ്ടാം ഘട്ട കരാർ ശ്രമങ്ങളും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയും പ്രതിസന്ധിയിലായി.സമാധാന കരാർ നിലവിൽ വന്ന ശേഷം തെക്കൻ ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 97 പേർ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു.
ഇതിൽ ഇന്നലെ മാത്രം 28 പേരാണ് കൊല്ലപ്പെട്ടത്. 230 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുദ്ധവിമാനങ്ങൾ, വ്യോമസേന വിമാനങ്ങൾ, പീരങ്കികൾ എന്നിവ ഉപയോഗിച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഇസ്രായേൽ 80 തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായി ഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് വ്യക്തമാക്കി.റഫയിൽ തങ്ങളുടെ സൈനികർക്ക് നേരെ ഹമാസ് വെടിയുതിർത്തുവെന്നും, രണ്ട് സൈനികർ കൊല്ലപ്പെട്ടുവെന്നുമാണ് കഴിഞ്ഞ ദിവസത്തെ ആക്രമണത്തെ ന്യായീകരിച്ച് ഇസ്രായേൽ പറയുന്നത്.
എന്നാൽ ഈ ആരോപണം ഹമാസ് പൂർണ്ണമായും നിഷേധിച്ചു. തങ്ങളുടെ അറിവിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഒരിടത്തും ഇസ്രായേലി സൈനികരെ ആക്രമിച്ചിട്ടില്ലെന്നും ഹമാസ് വിശദീകരിച്ചു.അതേസമയം, ഹമാസ് ആക്രമിച്ചതിന് മറുപടി നൽകിയ ശേഷം വീണ്ടും വെടിനിർത്തൽ പാലിക്കുമെന്നാണ് ഇസ്രായേലിന്റെ നിലപാട്.