Banner Ads

ആലപ്പുഴയിൽ കാർ കടകളിലേക്ക് ഇടിച്ചുകയറി; ഒരാൾക്ക് പരിക്ക്

കുട്ടനാട് : ആലപ്പുഴയിൽ യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് എ. സി. റോഡിലെ കടകളിലേക്ക് ഇടിച്ചുകയറി. ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശിയായ കെ.ജെ. തോമസിന്റെ ബേക്കറിയും സമീപത്തെ മാമ്പുഴക്കരി വെൻപഴശ്ശേരിരാജേന്ദ്രന്റെ പെട്ടിക്കടയുമാണ് പൂർണമായും തകർന്നത്.

കഴിഞ്ഞദിവസം രാത്രി 11:30-ഓടെയാണ് അപകടം. മുട്ടാർ സ്വദേശികളായ ആഷിക്ക്, ജെ. തോമസ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവർ രാമങ്കരിയിലെ ക്നനായ പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന ചിക്കൻ സെന്ററിലെത്തി ഭക്ഷണം കഴിച്ച ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം.

മാമ്പുഴക്കരി ജംഗ്ഷനിൽവെച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഫുട്പാത്തിലൂടെ കയറി കടകൾ തകർത്തശേഷം മറിയുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയായതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ രാമങ്കരി പോലീസ് കേസെടുത്തു.