
ഷൊർണൂർ:ഷൊർണൂർ തൃശ്ശൂർ പാതയിൽ കാറും ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. എസ് എം ബി ജംക്ഷന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് വൈകുന്നേരമാണ് സംഭവം. തൃശൂർ ഭാഗത്ത് നിന്ന് വരുന്ന കാർ നിയന്ത്രണംവിട്ട് എതിരെ വന്ന ബസിൽ ഇടിക്കുകയും തുടർന്ന് പുറകിലോട്ട് വന്ന കാർ ബൈക്കിൽ ഇടിക്കുകയുമായിരുന്നു.
അപകടത്തിൽ കാർ യാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു . ഇവരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന് വലിയ തകർച്ച നേരിട്ടു. ബസിന്റെ ടയർ നീങ്ങാൻ കഴിയാതെ കുടുങ്ങി. ഏറെ തിരക്കുള്ള പാതയിലുണ്ടായ അപകടത്തെ തുടർന്ന് ഷൊർണൂർ തൃശൂർ റോഡിൽ രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
ഷൊർണൂർ പോലീസ് സ്ഥലത്തെത്തി. പരിശോധനയിൽ കാറിൽ നിന്ന് മദ്യ കുപ്പികൾ കണ്ടെത്തി. വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് റോഡിൽ നിന്ന് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.