
തൃശൂർ: അതിരപ്പിള്ളിയിൽ ഡിവൈഡറിൽ ഇടിച്ചതിനെ തുടർന്ന് കാറിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ വെറ്റിലപ്പാറ പാലത്തിന് സമീപമുള്ള ഡിവൈഡറിലാണ് അപകടമുണ്ടായത്.
അതിരപ്പിള്ളിയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക് വരികയായിരുന്ന തൃശ്ശൂർ സ്വദേശികളായ ഏഴ് വിനോദസഞ്ചാരികളുടെ കാറാണ് കത്തിയത്. നാല് മുതിർന്നവരും മൂന്ന് കുട്ടികളും ഉൾപ്പെടെ ഏഴുപേരാണ് അപകടസമയത്ത് വാഹനത്തിൽ ഉണ്ടായിരുന്നത്.
ഡിവൈഡറിൽ ഇടിച്ച ഉടൻ കാറിന് തീപിടിച്ചെങ്കിലും യാത്രക്കാർക്ക് കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെടാനായി. പരിക്കേറ്റവരെ ഉടൻതന്നെ രണ്ട് ആംബുലൻസുകളിലായി ചാലക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.