Banner Ads

കഞ്ചാവ് വിൽപ്പന പൊലീസിൽ അറിയിച്ചു: തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടുകയറി ലഹരി സംഘത്തിന്റെ ആക്രമണം; മൂന്നുപേർക്ക് പരുക്ക്

തൃശൂർ : കഞ്ചാവ് വിൽപ്പന പൊലീസിൽ അറിയിച്ചതിലുള്ള വൈരാഗ്യത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിനു നേരെ ലഹരി സംഘത്തിന്റെ ആക്രമണം. കല്ലൂർ പുല്ലുത്തിയിൽ യൂത്ത് കോൺഗ്രസ് തൃക്കൂർ മണ്ഡലം പ്രസിഡന്റ് റിന്റോ പുതുപ്പള്ളിവളപ്പിലിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം.

ആക്രമണത്തിൽ റിന്റോയ്ക്കും സഹോദരൻ റിജോയ്ക്കും അമ്മ മേരീസിനും പരുക്കേറ്റു. ഓട്ടോറിക്ഷയിലും ബൈക്കിലുമായി എത്തിയ രണ്ടംഗ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. വീടിനുള്ളിൽ അതിക്രമിച്ചു കയറിയ പ്രതികൾ അമ്മ മേരീസിനെ പുറത്തേക്ക് വലിച്ചിഴച്ചു. ഇത് തടയാൻ ചെന്ന സഹോദരൻ റിജോയുടെ കണ്ണിൽ വാഹനത്തിന്റെ താക്കോലും ഇടിക്കട്ടയും ഉപയോഗിച്ച് പ്രതികൾ ഇടിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റിന്റോയെ അക്രമികൾ റോഡിലിട്ട് ക്രൂരമായി മർദിച്ചു. കണ്ണിന് ഗുരുതരമായി പരുക്കേറ്റ റിജോയെയും, ചെവിക്കും കാലിനും പരുക്കേറ്റ റിന്റോയെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയ്ക്ക് പരുക്കേറ്റ മേരീസ് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.

വീട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ അക്രമികൾ ബൈക്ക് ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാളായ സമീപവാസിയെ പുതുക്കാട് പൊലീസ് പിന്തുടർന്ന് പിടികൂടി. മാസങ്ങൾക്ക് മുമ്പ് പ്രതികളുടെ കഞ്ചാവ് വിൽപ്പനയെക്കുറിച്ച് റിന്റോ പൊലീസിന് വിവരം നൽകിയിരുന്നു.

ഇതിലുള്ള പകയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾക്കെതിരെ വീടുകയറി ആക്രമണം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. രക്ഷപ്പെട്ട രണ്ടാമത്തെ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

പ്രദേശത്തെ ലഹരി സംഘങ്ങളെ പൂർണ്ണമായും അമർച്ച ചെയ്യണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും കൊടകര ബ്ലോക്ക് പഞ്ചായത്തംഗം ജെറോം ജോൺ, വാർഡ് മെമ്പർ സജിത രാജീവ് എന്നിവർ ആവശ്യപ്പെട്ടു.