
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത പ്രതിസന്ധിയെത്തുടർന്ന് ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കാൻ ബസുടമകൾ.
കെഎസ്ആർടിസിയിലെ സൗജന്യ യാത്രകൾ കാരണം വരുമാനം കുത്തനെ ഇടിഞ്ഞ് സർവീസുകൾ നഷ്ടത്തിലായ സാഹചര്യത്തിലാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക് കടക്കുന്നത്.
അതേസമയം പാലക്കാട് സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം പകുതിയായി വെട്ടിക്കുറച്ചു. ഡ്രൈവർമാർക്ക് 1200 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ഡ്രൈവർക്കും കണ്ടക്ടർക്കും 600 രൂപ മാത്രമാണ് നൽകുന്നത്.
ബസുടമകളുടെ നടപടിക്കെതിരെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഗൗരവം സർക്കാരിന് അറിയാമെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഗതാഗത മന്ത്രി സി പി ജോൺ നിയമസഭയിൽ അറിയിച്ചു.
സ്വകാര്യ ബസുകളുടെ നികുതിയിൽ 59 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. കെഎസ്ആർടിസി ബസുകളിൽ ചെയ്യുന്നതുപോലെ സ്വകാര്യ ബസുകളിലും പരസ്യങ്ങൾ പ്രദർശിപ്പിച്ച് വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താൻ ഉടമകൾ തയ്യാറാകണം. ഇതിനുള്ള അനുമതി സർക്കാർ നൽകും.
കെഎസ്ആർടിസി ഓർഡിനറി ബസുകളും സ്വകാര്യ ബസുകളും ഒരേ റൂട്ടിൽ ഒന്നിച്ച് സർവീസ് നടത്തുന്നതാണ് പ്രധാന പ്രശ്നം. പരസ്പരം മത്സരിക്കാതെ സമയം പുനഃക്രമീകരിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നും സി പി ജോണ്‍ അറിയിച്ചു.