Banner Ads

കനത്ത മഴയിൽ ബസ് നിയന്ത്രണം തെറ്റി; ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ച് മൂന്ന് യാത്രക്കാർക്ക് പരിക്ക്

അമ്പലപ്പുഴ : ദേശീയ പാതയിൽ പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് സമീപം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 6 മണിയോടെയായിരുന്നു അപകടം.തിരുവനന്തപുരത്ത് നിന്ന് നിലമ്പൂരിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

ഇവിടെ നിർമാണം നടക്കുന്ന അടിപ്പാതക്ക് സമീപം ദേശീയ പാതയോട് ചേർന്ന് സ്ഥാപിച്ചിരുന്ന ഡിവൈഡറിലേക്കാണ് ബസ് ഇടിച്ചുകയറിയത്. കനത്ത മഴയിൽ ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം തെറ്റിയതാണ് അപകട കാരണം. ബസിൽ ആകെ 12 യാത്രക്കാർ ഉണ്ടായിരുന്നു. നിസ്സാര പരിക്കേറ്റ മൂന്ന് പേരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പല സ്ഥലത്തും റോഡിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന ഇത്തരം ഡിവൈഡറുകൾ നിരവധി അപകടങ്ങൾക്ക് കാരണമാകുന്നതായി പരാതികളുണ്ട്.