
ശ്രീകണ്ഠാപുരം : വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ശ്രീകണ്ഠാപുരം – തളിപ്പറമ്പ് റൂട്ടിലോടുന്ന തേലക്കാടൻസ് എന്ന ബസിനാണ് ഇന്ന് ഉച്ചയോടെ തീപിടിച്ചത്. വളക്കൈയിലെത്തിയപ്പോൾ ബസിൻ്റെ അടിഭാഗത്തു നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ റോഡരികിൽ നിർത്തി യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു.
യാത്രക്കാർ ഇറങ്ങിയതിന് പിന്നാലെ തീ ബസിനുള്ളിലേക്ക് ആളിപ്പടരുകയായിരുന്നു. തളിപ്പറമ്പിൽ നിന്നും ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. ബസ് പൂർണ്ണമായും കത്തിനശിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.