
പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ രാജ്യത്തുടനീളം ഇ-സിം (eSIM) സേവനം ആരംഭിക്കാൻ പദ്ധതിയിടുന്നു. ടാറ്റ കമ്മ്യൂണിക്കേഷൻസിന്റെ (Tata Communications) സഹായത്തോടെയാണ് ഈ സുപ്രധാന പദ്ധതി നടപ്പാക്കുക. ഫിസിക്കൽ സിം കാർഡിന്റെ ആവശ്യമില്ലാതെ തന്നെ മൊബൈൽ കണക്ടിവിറ്റി സാധ്യമാക്കാൻ ഇ-സിം സഹായിക്കും.
ബിഎസ്എൻഎൽ ഇ-സിമ്മുകൾ 2ജി/3ജി/4ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇ-സിം സേവനം നിരവധി ഉപയോക്താക്കൾക്ക് പ്രയോജനകരമാകും. ഡ്യുവൽ സിം ഫോൺ ഉപയോഗിക്കുന്നവർക്ക് ഫിസിക്കൽ സിമ്മിനൊപ്പം ഒരു ഇ-സിമ്മും ഉപയോഗിക്കാൻ സാധിക്കും. സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് പ്രാദേശിക നെറ്വർക്കുകളുമായി എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ ഇത് സഹായകമാകും.
ടാറ്റാ കമ്മ്യൂണിക്കേഷൻസിന്റെ ജിഎസ്എംഎ അംഗീകൃത സബ്സ്ക്രിപ്ഷൻ മാനേജ്മെന്റ് പ്ലാറ്റ്ഫോം ആയ ‘മൂവ്’ (MOVE) വഴിയാണ് ഇ-സിം സേവനങ്ങൾ നൽകുക. ടാറ്റാ കമ്മ്യൂണിക്കേഷൻസ് കൊളാബറേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (TCCSPL) വഴിയാണ് ഇത് വിതരണം ചെയ്യുന്നത്.