
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പൊക്കിൾകൊടി പോലും പൂർണ്ണമായി മാറ്റാത്ത നിലയിലായിരുന്നു മൃതദേഹം. കുഞ്ഞിനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ച് ബീച്ചിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹം കണ്ടെത്തിയത് പ്രഭാതസവാരിക്കാർ രാവിലെ ബീച്ച് പരിസരത്ത് നടക്കാനിറങ്ങിയവരാണ് മണലിൽ കുഞ്ഞിന്റെ മൃതദേഹം കിടക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് ഇവർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.രാത്രി വൈകിയും ബീച്ചിൽ നിരവധി ആളുകളുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ, രാത്രിയിൽ ബീച്ച് പരിസരത്ത് പൊലീസ് പട്രോളിംഗ് നടത്തിയിരുന്നുവെന്നും പുലർച്ചെ മൂന്നര വരെ ഈ ഭാഗത്ത് മൃതദേഹം ഉണ്ടായിരുന്നില്ലെന്നുമാണ് പൊലീസ് നൽകുന്ന വിവരം.
ഇതിന്റെ അടിസ്ഥാനത്തിൽ, പുലർച്ചെ മൂന്നരയ്ക്ക് ശേഷമാണ് കുഞ്ഞിനെ ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കുഞ്ഞിന്റെ മാതാപിതാക്കളെക്കുറിച്ചോ പ്രതികളെക്കുറിച്ചോ ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മറ്റും വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്.