
തിരുവനന്തപുരം : പുതുക്കുറിച്ചിയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കുമാർ (45) ആണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് പുലർച്ചെ 6 മണിയോടെയാണ് അപകടം സംഭവിച്ചത്. പുതുക്കുറിച്ചി സ്വദേശി ജോസഫിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. വള്ളത്തിൽ ആറ് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
കടലിലേക്ക് വീണ കുമാറിനെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ രക്ഷപ്പെടുത്തി കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് മരണം സംഭവിക്കുകയായിരുന്നു.
സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന പ്രദേശങ്ങളിലൊന്നാണ് പുതുക്കുറിച്ചി. കഴിഞ്ഞ ദിവസവും ഇവിടെ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.