
മലപ്പുറം:ചേനപ്പാടിയിൽ വീണ്ടും കരിമ്പുലിയുടെ സാന്നിധ്യം. ചേനപ്പാടി പള്ളിക്ക് സമീപം താമസിക്കുന്ന ഞാറക്കാടൻ സിറാജിന്റെ വീട്ടുമുറ്റത്താണ് പുലിയെത്തിയത്. വീട്ടുമുറ്റത്തുണ്ടായിരുന്ന സിറാജിന്റെ ഭാര്യ ജാസ്മിനെ കരിമ്പുലി ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ചേനപ്പാടി, വേപ്പിൻകുന്ന്, മരുതങ്ങാട് മേഖലയിൽ ഇത് ആറാം തവണയാണ് കരിമ്പുലി ഇറങ്ങുന്നത്.
വ്യാഴാഴ്ച രാത്രി എട്ടരയോടെ റോഡിലൂടെ വന്ന കരിമ്പുലിയെ ആദ്യം കണ്ടത് ഞാറക്കാടൻ അബ്ദുറഹ്‌മാനാണ്. ഉടൻ തന്നെ തൊട്ടടുത്ത് താമസിക്കുന്ന അനുജൻ സിറാജിനെ വിവരമറിയിച്ചു. പ്രദേശത്തെ മൂന്ന് വളർത്തുനായ്ക്കളെ പുലി കൊന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് സിറാജിന്റെ വീടിന് സമീപത്തെ തോട്ടത്തിൽ ഒരു കുറുക്കന്റെ പകുതി ഭക്ഷിച്ച ജഡം നാട്ടുകാർ കണ്ടെത്തിയിരുന്നു. ഒരു മാസം മുമ്പ് വേപ്പിൻകുന്നിലെ തോടിന് സമീപമാണ് പ്രദേശവാസികൾ ആദ്യമായി പുലിയെ കണ്ടത്.