
കണ്ണൂർ : ഡോക്ടർ റാമിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി വിദ്യാർത്ഥികൾ. വിദ്യാർത്ഥികളെ ജാതീയമായും വംശീയമായും അധിക്ഷേപിക്കുന്നത് പതിവാണെന്ന് സഹപാഠികൾ പറഞ്ഞു. ചെരുപ്പിട്ട് വന്ന വിദ്യാർത്ഥിയെ കോളനി എന്ന് വിളിക്കുകയും, ഗോത്രവർഗ്ഗക്കാരനെപ്പോലെ ഇരിക്കുന്നു എന്ന് പരിഹസിക്കുകയും ചെയ്തു.
വിദ്യാർത്ഥിനികളെ കറുത്ത പശു എന്ന് വിളിക്കുന്നത് പതിവായിരുന്നു. ഒരു വിദ്യാർത്ഥിനിയെ ഇത്തരത്തിൽ പരിഹസിച്ചപ്പോൾ ആ കുട്ടി ക്ലാസ്സിൽ വെച്ച് പൊട്ടിക്കരയാൻ പോലും ഭയപ്പെട്ടുവെന്നും അധ്യാപകൻ പോയ ശേഷമാണ് ആ പെൺകുട്ടി സങ്കടം പുറത്തുവിട്ടതെന്നും സഹപാഠികൾ പറയുന്നു. വെളുത്ത നിറമുള്ളവരെ വെള്ളപ്പാറ്റ എന്ന് വിളിച്ചും ഇദ്ദേഹം അധിക്ഷേപിച്ചിരുന്നു.
സഹപാഠിയെക്കൊണ്ട് മറ്റൊരു വിദ്യാർത്ഥിയെ ചെരുപ്പ് കൊണ്ട് തല്ലിക്കാൻ ഡോ റാം ശ്രമിച്ചു. ഇത്തരം പീഡനങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ പരീക്ഷയിൽ തോൽപ്പിക്കുമെന്ന ഭീഷണി നിലനിന്നിരുന്നു. മാർക്ക് കുറയ്ക്കുമെന്ന പേടി കാരണമാണ് പലരും ഇത്രയും കാലം മിണ്ടാതിരുന്നതെന്നും വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞു.