
കൊല്ലം : ബൈക്കപകടത്തിൽപ്പെട്ട യുവാവിന്റെ ബാഗിൽ നിന്ന് 4 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. വടക്കേവിള പട്ടത്താനം സ്വദേശി ശരൺ മോഹൻ (26) ആണ് സംഭവത്തിൽ അറസ്റ്റിലായത്. പുന്നമൂട് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിന് സമീപത്തുനിന്നാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ ശരൺ മോഹനെ എക്സൈസ് കണ്ടെത്തിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോൾ 4.048 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
ചില്ലറ വിൽപ്പനയ്ക്കായി ബുള്ളറ്റിൽ കൊണ്ടുവന്ന കഞ്ചാവാണ് ഇതെന്ന് എക്സൈസ് അറിയിച്ചു. പരിക്കേറ്റ ശരൺ മോഹനെ ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുന്നത്തൂർ എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ സൂര്യ.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെടുത്തത്.