
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കോന്നി, ചങ്ങനാശ്ശേരി, മൂന്നാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്.
അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. പകൽ 10 മണി മുതൽ 3 മണി വരെ സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ജലഗതാഗത തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ചർമ്മരോഗങ്ങൾ, ആൽബിനിസം, നേത്രരോഗങ്ങൾ, ക്യാൻസർ എന്നിവയുള്ളവരും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും അതീവ ജാഗ്രത പുലർത്തണം.
പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവൻ മറയുന്ന ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് ഉചിതമായിരിക്കും.