Banner Ads

ബെവ്‌കോ പ്ലാസ്റ്റിക് കുപ്പി റീസൈക്ലിംഗ് പദ്ധതിക്ക് തുടക്കം; 20 രൂപ അധിക നിരക്ക്

കണ്ണൂർ : ബെവ്കോ ഔട്ട്‌ലെറ്റുകളില്‍ പ്ലാസ്റ്റിക് കുപ്പികൾ തിരികെയെടുക്കുന്നതിനുള്ള പദ്ധതിക്ക് ഇന്ന് തുടക്കമാകും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ബെവ്‌കോ ഷോപ്പുകളിലാണ് പദ്ധതി ആരംഭിക്കുന്നത്.

അടുത്ത വർഷം ജനുവരി ഒന്നിനകം ഇത് സംസ്ഥാനവ്യാപകമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബിവറേജസ് കോർപ്പറേഷൻ എം.ഡി. ഹർഷിത അട്ടല്ലൂരി അറിയിച്ചു.പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് 20 രൂപ അധികമായി ഈടാക്കും.മദ്യം വാങ്ങുന്ന ഷോപ്പുകളില്‍ കുപ്പി നൽകുമ്പോൾ 20 രൂപ തിരികെ ലഭിക്കും.

ക്ലീൻ കേരള മിഷനുമായി ചേർന്നുള്ളതാണ് പദ്ധതി. ഷോപ്പുകളില്‍ ഇതിനായി പ്രത്യേക കൗണ്ടർ തുറക്കും. ഇതിന്‍റെ പ്രവർത്തനങ്ങള്‍ക്കായി കുടുംബശ്രീയുടെ സഹായം തേടിയിട്ടുണ്ട്.വിജയിക്കുന്ന മുറയ്ക്ക് മറ്റ് ഷോപ്പുകളിലും പദ്ധതി നടപ്പാക്കും. ആഴ്ചയില്‍ മൂന്ന് തവണ ക്ലീൻ കേരള കമ്പനി കുപ്പികള്‍ ശേഖരിക്കും. സി-ഡിറ്റ് തയ്യാറാക്കുന്ന ലേബല്‍ കുപ്പിയില്‍ പതിച്ചിരിക്കും.

ഒക്ടോബർ ഒന്നു മുതല്‍ ബെവ്കോ ഔട്ട്‌ലെറ്റുകളില്‍ മദ്യക്കുപ്പികള്‍ പായ്ക്ക് ചെയ്യാൻ ന്യൂസ് പേപ്പർ കിട്ടില്ലെന്നും എം.ഡി അറിയിച്ചു. ആവശ്യക്കാർക്ക് ബാഗ് കൊണ്ടുവരാം. അല്ലെങ്കില്‍ ബെവ്കോയില്‍നിന്ന് 15, 20 രൂപ നിരക്കില്‍ ക്യാരിബാഗ് ലഭിക്കും. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ ബെവ്കോയുടെ വെബ്സൈറ്റും ആപ്പും സജ്ജമാകും.