Banner Ads

ബംഗാളിൽ ഇന്ന് കൊട്ടിക്കലാശം; 152 മണ്ഡലങ്ങളിൽ മറ്റന്നാൾ പോളിംഗ്, അങ്കത്തട്ടിൽ മമതയും അമിത് ഷായും

കൊൽക്കത്ത : പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പോരാട്ടത്തിനായുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വടക്കൻ ബംഗാളിലെ ബിജെപി കോട്ടകൾ ഉൾപ്പെടെ 152 മണ്ഡലങ്ങളിലാണ് മറ്റന്നാൾ (ഏപ്രിൽ 23) വോട്ടെടുപ്പ് നടക്കുന്നത്. 3.6 കോടി വോട്ടർമാരാണ് മറ്റന്നാൾ പോളിം​ഗ് ബൂത്തിലെത്തുന്നത്.

ന്യൂനപക്ഷ സ്വാധീനമേഖലകളായ മുർഷിദാബാദ്, മാൾഡ എന്നിവയ്ക്ക് പുറമെ ബർധമാൻ, ബിർഭൂം, നാദിയ എന്നീ ജില്ലകളും പോളിംഗ് ബൂത്തിലെത്തും. വടക്കൻ ബംഗാളിലെ 16 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 152 മണ്ഡലങ്ങളിൽ വലിയ മേൽക്കൈ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കേന്ദ്ര ഏജൻസികളെയും സൈന്യത്തെയും ഉപയോഗിച്ച് ബംഗാൾ പിടിക്കാമെന്ന് ബിജെപി മോഹിക്കേണ്ടെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

തന്നെയും പാർട്ടിയെയും വേട്ടയാടാൻ ബിജെപി കേന്ദ്രസേനയെ ദുരുപയോഗം ചെയ്യുകയാണെന്നും മമത ആരോപിച്ചു. ബംഗാളിലെ ഗുണ്ടാ ഭരണം മെയ് നാലാം തീയതിയോടെ അവസാനിക്കുമെന്നും ജനങ്ങൾ മാറ്റത്തിനായി കാത്തിരിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഐപാകിനെതിരെ നടക്കുന്ന അന്വേഷണത്തിൽ മമത എന്തിനാണ് ഭയക്കുന്നതെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ കോടതിയെ സമീപിക്കാത്തത് എന്താണെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷ അഗ്നിമിത്ര പോൾ ചോദിച്ചു.

അക്രമസാധ്യത കണക്കിലെടുത്ത് വൻ സുരക്ഷാ സന്നാഹമാണ് ബംഗാളിൽ ഒരുക്കിയിരിക്കുന്നത്. 2.4 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. 2400 കമ്പനി കേന്ദ്രസേന നിലവിൽ സംസ്ഥാനത്തുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ ഒന്നര ഇരട്ടിയോളം അർദ്ധസൈനികരെയാണ് ഇത്തവണ നിയോഗിച്ചിട്ടുള്ളത്.