പത്തനംതിട്ട : മുൻ വിരോധം നിമിത്തം വീട്ടമ്മയെ വാക്കത്തികൊണ്ട് വെട്ടി അയൽവാസി അറസ്റ്റിൽ. തന്റെ മകനെയും കൂട്ടുകാരെയും അസഭ്യം വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതിനെപ്പറ്റി ചോദിച്ചതിലുള്ള വിരോധം നിമിത്തം വീട്ടമ്മയെ വാക്കത്തികൊണ്ട് വെട്ടിപരിക്കേൽപ്പിച്ചത്.
മലയാലപ്പുഴ ഏറം പി ഓയിൽ തലച്ചിറ കൊച്ചേത്ത് വീട്ടിൽ ഷിബു തോമസ് (48) ആണ് പിടിയിലായത്. കഴിഞ്ഞവർഷം ഡിസംബർ 30 ന് രാത്രി 9.45 നും 10 നുമിടെയാണ് സംഭവം. അയൽവാസി പുതുക്കുളം തെക്കുംമല 29 ൽ ചരിവുകാലായിൽ വീട്ടിൽ രമാകുമാരിക്കാണ് വെട്ടേറ്റത്.രമയുടെ മകനായ സൂരജ് (20) സുഹൃത്തുക്കളും അയൽവാസികളുമായ ജിബിൻ സൂര്യ ,ജോഹാൻ എന്നിവർക്കൊപ്പം വടശ്ശേരിക്കര പമ്പിൽ ബൈക്കിൽ പോയി പെട്രോൾ അടിച്ച് തിരിച്ചെത്തി വണ്ടി ഉടമയായ ജൊഹാന്റെ വീട്ടിൽ വണ്ടി വച്ചു.
പിന്നീട് ജിബിൻ സൂര്യയുടെ വീട്ടിലേക്ക് നടന്നു പോകവേ, ഷിബുവിന്റെ വീടിന്റെ മുൻവശം എത്തിയപ്പോൾ ഇയാൾ ഇവരെ ചീത്ത വിളിക്കുകയും,രാത്രി എവിടെ പോയതാണ് എന്ന് ചോദിക്കുകയും, ഇവിടെ കോഴികളും ഒട്ടുകറയുമൊക്കെ മോഷ്ടിക്കുന്നത് നീയൊക്കെയാണ്, ഞാൻ നോക്കിയിരിക്കുകയായിരുന്നു എന്നുമൊക്കെ പറയുകയായിരുന്നു. ഇത് ചോദ്യം ചെയ്ത രമയുടെ മകന്റെ കൂട്ടുകാരനെ വാക്കത്തിയുടെ മാടുകൊണ്ട് തലക്കടിച്ചു.
വീണ്ടും അടിക്കുന്നത് തടഞ്ഞ മറ്റൊരു സുഹൃത്തിനെ പിടിച്ചുതള്ളി താഴെയിട്ടു.തുടർന്ന് യുവാക്കൾ രമയുടെ വീട്ടിലേക്ക് നടന്നപ്പോൾ പ്രതി നടവഴിയിൽ വച്ച് ഇവരെ ദേഹോപദ്രവം ഏൽപ്പിച്ചു.ഇത് രമ ചോദ്യം ചെയ്തതിൽ പ്രകോപിതനായ പ്രതി അസഭ്യം വിളിച്ചുകൊണ്ടു രമയെ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു.
ഇടത് തോളിനും ഇടതു കൈമുട്ടിനും വെട്ടി പരിക്കേൽപ്പിച്ചു. കൂടാതെ, വാക്കത്തിയുടെ മാടുഭാഗം കൊണ്ട് ഇടതു കവിളിൽ അടിക്കുകയും ചെയ്തു. വെട്ടേറ്റ് ഇടതുകൈമുട്ടിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായി.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവന്ന രമാകുമാരിയുടെ മൊഴി അവിടെയെത്തി മലയാലപ്പുഴ പോലീസ് രേഖപ്പെടുത്തി.