Banner Ads

മലക്കപ്പാറ-വാൽപ്പാറ മേഖലയിൽ കരടിയാക്രമണം: ജനങ്ങൾ ഭീതിയിൽ

തൃശൂർ: മലക്കപ്പാറ-വാൽപ്പാറ മേഖലയിൽ കരടിയാക്രമണം ജനജീവിതം ദുസ്സഹമാക്കുന്നു. വ്യാഴാഴ്ച രണ്ടിടങ്ങളിലാണ് കരടി ജനവാസ കേന്ദ്രത്തിലെത്തിയത്.

വാൽപ്പാറ താഴെ പറളി ഇൻഡസ്ട്രിയൽ റോഡിന് സമീപം തേയിലത്തോട്ടത്തിൽ ജോലി നോക്കുകയായിരുന്ന ജീവനക്കാർക്ക് നേരെ കരടി പാഞ്ഞടുത്തു. ജീവനക്കാരൻ കുട ഉപയോഗിച്ച് പ്രതിരോധിച്ചതുകൊണ്ട് ഭാഗ്യം കൊണ്ട് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു.

ഇതിന് തൊട്ടടുത്ത്, ഇ.എൽ. പാടിയിൽ ഡാനിയേലിന്റെ വീടിനു മുന്നിലും കരടിയെത്തി. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് കരടി ഓടിമറഞ്ഞു.

ഒരു മാസം മുൻപ് വാൽപ്പാറയിൽ ആറു വയസ്സുകാരനെ കരടി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. തോട്ടം തൊഴിലാളികളാണ് കൂടുതലായും കരടിയുടെ ആക്രമണത്തിന് ഇരയാകുന്നത്. നിലവിൽ, തോട്ടം തൊഴിലാളികളടക്കമുള്ളവർ വലിയ ഭീഷണിയിലാണ്.