
കൊച്ചി : റാഗിങ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്കെതിരെ കടുത്ത നടപടികളുമായി സർക്കാർ. റാഗിങ് കുറ്റം തെളിയിക്കപ്പെട്ടാൽ വിദ്യാർത്ഥിയെ പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് പുറത്താക്കുകയും മൂന്ന് വർഷത്തേക്ക് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിനും വിലക്കേർപ്പെടുത്തുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ഹൈക്കോടതി നിർദേശപ്രകാരം തയാറാക്കിയ പുതിയ റാഗിങ് വിരുദ്ധ മാർഗ്ഗനിർദേശങ്ങൾ കോടതിയിൽ സമർപ്പിക്കുന്നതിനിടെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. തയാറാക്കിയ മാർഗ്ഗരേഖകൾ രണ്ടാഴ്ചയ്ക്കുള്ളിൽ വിജ്ഞാപനം ചെയ്യണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി.
റാഗിങ് നിരോധന നിയമ നിർമാണത്തിലെ കാലതാമസം കണക്കിലെടുത്താണ് കരട് ബില്ലിലെ വ്യവസ്ഥകൾ ഉൾപ്പെടുത്തി പുതിയ മാർഗ്ഗരേഖ നിർമിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. ക്യാമ്പസുകൾക്ക് പുറമെ ഹോസ്റ്റലുകൾ, പൊതുസ്ഥലങ്ങൾ, പൊതു-സ്വകാര്യ വാഹനങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന ഉപദ്രവങ്ങളും റാഗിങ്ങിന്റെ പരിധിയിൽ വരും.
ദേഹനിന്ദ, ശാരീരിക ഉപദ്രവങ്ങൾ, ക്രൂരമായ പെരുമാറ്റങ്ങൾ എന്നിവയെല്ലാം റാഗിങ്ങായി കണക്കാക്കും. സീനിയർ വിദ്യാർത്ഥികൾ ജൂനിയർക്കാരുടെ അക്കാദമിക് പഠനപ്രവർത്തനങ്ങളെ മനപൂർവ്വം തടസ്സപ്പെടുത്തുന്നതും റാഗിങ് കുറ്റകൃത്യമായി പരിഗണിക്കും.