Banner Ads

സർപ്പദോഷം നീക്കാൻ ആയില്യം പൂജ; മണ്ണാറശാല ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകൾക്ക് നാളെ തുടക്കം

ആലപ്പുഴ : നാഗദൈവങ്ങൾക്ക് പ്രാധാന്യമുള്ള മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ പ്രസിദ്ധമായ തുലാമാസ ആയില്യം മഹോത്സവം നാളെ നടക്കും. ആയില്യം പൂജയും തുടർന്ന് ഇല്ലത്തേക്കുള്ള എഴുന്നള്ളത്തും നാളത്തെ ചടങ്ങുകളിൽ പ്രധാനമാണ്. ആയില്യം നാളിൽ വാസുകി ഭാവത്തിലുള്ള തിരുവാഭരണമാണ് നാഗരാജാവിന് ചാർത്തുക.

രാവിലെ 9 മണി മുതൽ ഇല്ലത്ത് നിലവറയ്ക്ക് സമീപം ക്ഷേത്രം വലിയമ്മ സാവിത്രി അന്തർജനം ഭക്തജനങ്ങൾക്കായി ദർശനം നൽകും. ഉച്ചപ്പൂജയ്ക്ക് ശേഷം കുടുംബ കാരണവരുടെ നേതൃത്വത്തിൽ നിലവറയോട് ചേർന്നുള്ള തളത്തിൽ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ നാഗപത്മക്കളം വരയ്ക്കും.

കളം പൂർത്തിയാകുന്നതോടെ വലിയമ്മ തീർഥക്കുളത്തിൽ കുളിച്ച് ക്ഷേത്രത്തിലെത്തി ചടങ്ങുകൾക്കു ശേഷം ആയില്യം എഴുന്നള്ളത്ത് നടക്കും. എഴുന്നള്ളത്ത് ഇല്ലത്ത് എത്തുന്നതോടെ വലിയമ്മയുടെ നേതൃത്വത്തിൽ നൂറുംപാലും, ഗുരുതി, തട്ടിൻമേൽ നൂറുംപാലും ഉൾപ്പെടെയുള്ള പ്രധാന ആയില്യം പൂജകൾ ആരംഭിക്കും.

വലിയമ്മയുടെ അനുമതി വാങ്ങി കുടുംബ കാരണവർ നടത്തുന്ന തട്ടിന്മേൽ നൂറുംപാലും ചടങ്ങുകൾക്ക് ശേഷം വലിയമ്മ സാവിത്രി അന്തർജനത്തിന്റെ ആചാരപരമായ ക്ഷേത്ര ദർശനത്തോടെ ആയില്യം നാളിലെ ആഘോഷങ്ങൾ സമാപിക്കും.