Banner Ads

ഡൽഹിയെ വിഴുങ്ങി പൊടിക്കാറ്റ്; 92 കിമീ വേഗതയിൽ ആഞ്ഞടിച്ചു, നഗരത്തിൽ റെഡ് അലർട്ട്

ന്യൂഡൽഹി : ദില്ലിയിൽ ജനജീവിതം സ്തംഭിപ്പിച്ച് 92 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ് ആഞ്ഞടിച്ചു. വരും മണിക്കൂറുകളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഉച്ചയ്ക്ക് 2:30ഓടെ പാലം കാലാവസ്ഥാ സ്റ്റേഷനിൽ മണിക്കൂറിൽ 92 കിലോമീറ്റർ വേഗതയിലാണ് കാറ്റ് രേഖപ്പെടുത്തിയത്. നഗരത്തിന്റെ പല ഭാഗങ്ങളിലും മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. അതിശക്തമായ പൊടിക്കാറ്റിനെ തുടർന്ന് നഗരത്തിൽ ദൃശ്യപരത വൻതോതിൽ കുറഞ്ഞു.

ഇത് റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. റോഡിൽ കാഴ്ച പരിധി കുറഞ്ഞതിനാൽ വാഹനം ഓടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണം. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും തൽക്കാലത്തേക്ക് ഒഴിവാക്കി ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ തുടരണം.

മരങ്ങൾ, വൈദ്യുത തൂണുകൾ, താല്ക്കാലിക നിർമ്മാണ സ്ഥലങ്ങൾ എന്നിവയ്ക്ക് സമീപത്ത് നിന്ന് മാറിനിൽക്കണം. ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ മരങ്ങൾക്കടിയിൽ അഭയം പ്രാപിക്കരുതെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു.