
കണ്ണൂർ : അഴീക്കോട് സ്വദേശിയെ തല്ലിക്കൊന്ന ശേഷം ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ കൊലക്കേസ് പ്രതി 14 വർഷത്തിന് ശേഷം പിടിയില്‍. കോയമ്പത്തൂർ സ്വദേശി ആനന്ദിനെയാണ് കണ്ണൂർ സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരിൽ വെച്ച് പിടികൂടിയത്. 2012 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.
അഴീക്കോട് സ്വദേശി മണികണ്ഠനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഇയാളെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ഇയാൾ നാടുവിട്ട് ഒളിവിൽ കഴിയുകയായിരുന്നു. ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
മൊബൈൽ ഫോണുകളോ മറ്റ് ഡിജിറ്റൽ സംവിധാനങ്ങളോ ഉപയോഗിക്കാതിരുന്നതാണ് ഇയാളെ കണ്ടെത്താൻ വർഷങ്ങൾ വൈകിച്ചത്. 2021ൽ തമിഴ്നാട്ടിൽ നടന്ന മറ്റൊരു കൊലപാതകക്കേസിലും ആനന്ദ് പ്രതിയാണെന്ന് പോലീസ് കണ്ടെത്തി.