
തൃശൂർ: പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽ പി സ്കൂളിൽ അതിക്രമിച്ച് കയറി അധ്യാപകനെ മർദ്ദിച്ച കേസിൽ വിദ്യാർത്ഥിയുടെ രക്ഷിതാവ് അറസ്റ്റിലായി. ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി ചെന്നറ വീട്ടിൽ ധനേഷ് (40) ആണ് അറസ്റ്റിലായത്.റൂറൽ എസ് പി ബി കൃഷ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
പോഴങ്കാവ് സ്കൂളിലെ അധ്യാപകനായ ആല സ്വദേശി ഭരത് കൃഷ്ണയെ (25) ആണ് ധനേഷ് മർദ്ദിച്ചത്.ധനേഷിന്റെ മകൻ, നാലാം ക്ലാസ് വിദ്യാർത്ഥി, തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെ സ്കൂൾ വിടും മുൻപ് അനുവാദമില്ലാതെ വീട്ടിലേക്ക് മടങ്ങിയിരുന്നു. അധ്യാപകനായ ഭരത് കൃഷ്ണ വിദ്യാർത്ഥിയുടെ വീട്ടിലെത്തി കുട്ടിയെ തിരികെ സ്കൂളിലേക്ക് കൊണ്ടുവന്നു. ഇതിൽ പ്രകോപിതനായാണ് രക്ഷിതാവ് ആക്രമണം നടത്തിയത് എന്ന് പോലീസ് അറിയിച്ചു.
വൈകുന്നേരം സ്കൂളിൽ എത്തിയ ധനേഷ് ഓഫീസിലേക്ക് അതിക്രമിച്ച് കയറി അധ്യാപകന്റെ മുഖത്തടിക്കുകയും തള്ളിയിടുകയും ചെയ്യുകയായിരുന്നു. ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് മുങ്ങിയ ധനേഷിനെ നെടുമ്പാശേരിയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.പോലീസ് നൽകുന്ന വിവരമനുസരിച്ച്, കൊലക്കേസ് ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ധനേഷ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.