
വർഷങ്ങൾക്ക് മുൻപ് നാലഞ്ചു വർഷക്കാലം ഞാനും ഒരു അധ്യാപികയായിരുന്നു. കുട്ടികളോട് അടങ്ങാത്ത സ്നേഹവും, ക്ലാസ് മുറികളിൽ എപ്പോഴും കൂടെക്കൂട്ടേണ്ട അറ്റമില്ലാത്ത ക്ഷമയും കൈമുതലായുള്ള ഒരു ടീച്ചർ തന്നെയായിരുന്നു ഞാൻ
അധ്യാപികയായി ജോലി ചെയ്തിരുന്ന ആ കാലം എന്റെ ഓർമ്മകളിൽ എന്നും മായാത്ത ഒന്നാണ്. സ്കൂൾ വിട്ടുപോരാൻ വൈകുന്ന ചില ദിവസങ്ങൾ എനിക്ക് പതിവായിരുന്നു. കുട്ടികളെ വിളിച്ചോണ്ട് പോകാൻ വരുന്ന മാതാപിതാക്കൾ ചിലപ്പോൾ താമസിച്ചു വന്നാൽ, കുട്ടികൾ എന്നെയും അവിടുന്ന് പോകാൻ അനുവദിക്കില്ല.
“ടീച്ചർ ഇപ്പോൾ പോകല്ലേ, അമ്മ വന്നിട്ട് പോയാൽ മതി” എന്ന് അവർ സ്നേഹത്തോടെ പറയുമ്പോൾ എനിക്ക് പിന്നെ അവിടെനിന്ന് എഴുന്നേറ്റു പോകാൻ തോന്നുമായിരുന്നില്ല. ആ കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോൾ എൻ്റെ മനസ്സും അനുവദിക്കില്ല. ആ ബന്ധം കാരണം ഞാൻ അവിടെ ഇരിക്കും. ഞാൻ കുറച്ചു താമസിച്ചു പോയാലും അവരുടെ മുഖത്തെ വിഷമം കാണാൻ എനിക്ക് പറ്റില്ലായിരുന്നു. അത്രയേറെ ആഴത്തിലുള്ളതായിരുന്നു ആ ബന്ധം…..
അന്ന് ഒരിക്കൽ പോലും ഒരു കുട്ടിയോട് പരുഷമായി പെരുമാറാത്ത ഒരു അധ്യാപികയായി തലയുയർത്തി നിൽക്കാൻ കഴിയുന്നതിലുള്ള അഭിമാനവും സമാധാനവും ഇന്നും ഹൃദയത്തിലുണ്ട്… അതുകൊണ്ടുതന്നെയാണ്, വിശാഖപട്ടണത്തുനിന്ന് പുറത്തുവന്ന ആ വാർത്ത ഏതൊരു മാതാപിതാക്കളുടെയും ഒപ്പം അധ്യാപകരുടെയും കൂടി നെഞ്ചിടയിക്കുന്നത്….
കനക മഹാലക്ഷ്മി ക്ഷേത്രത്തിന് സമീപമുള്ള ഒരു സ്കൂളിൽ, ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ അഞ്ച് വയസ്സുകാരനായ തമ്മന പ്രണയ് തേജ് എന്ന കൊച്ചു കുട്ടിക്ക് ക്രൂരമായ മർദ്ദനമേറ്റ് ജീവൻ നഷ്ടപ്പെടേണ്ടി വന്നു എന്നത് അത്യന്തം വേദനാജനകമാണ്….
പാചകത്തൊഴിലാളിയായ അച്ഛന്റെയും വീട്ടമ്മയായ അമ്മയുടെയും ഒരേയൊരു പ്രതീക്ഷയായിരുന്നു ആ കുരുന്ന്.ഒരു ക്ലാസ് മുറിയിൽ, അറിവിന്റെ വെളിച്ചം പകരാൻ ഇരിക്കേണ്ട ഒരു അധ്യാപികയിൽ നിന്നുണ്ടായ ഈ ക്രൂരത സമൂഹത്തിന് നൽകുന്ന സന്ദേശം വളരെ വലുതാണ്.
അമ്മയ്ക്ക് തുല്യമായ ഇടമാണ് കുരുന്നുകളുടെ ക്ലാസ് മുറികൾ.
വീടിന്റെ നാലുചുവരുകളിൽ നിന്ന് സ്കൂൾ പടി കടന്നുവരുന്ന ഒരു കുട്ടിക്ക്, വീടിന് പുറത്ത് ലഭിക്കുന്ന ഏറ്റവും വലിയ സുരക്ഷിതത്വം അധ്യാപകരിൽ നിന്നാണ് കിട്ടുന്നത് ആ പ്രതീക്ഷയായിട്ടാണ് കുഞ്ഞുങ്ങൾ സ്കൂളിലേക്ക് വരുന്നത്.അവരെ സ്കൂളിലേക്ക് വിടുമ്പോൾ അമ്മമാർ ചിന്തിക്കുന്നതും ഇത് തന്നെയാണ് അവിടെ ടീച്ചർ ഉണ്ടല്ലോ അതാണ് അവരുടെ സമാധാനവും.
എന്റെ കുട്ടി സുരക്ഷിതനാണ്, അവിടെ അവന് അമ്മയെപ്പോലെ നോക്കാൻ ടീച്ചറുണ്ട്” എന്ന ഉറപ്പിലാണ്. അഞ്ച് വയസ്സ് എന്ന് പറഞ്ഞാൽ, ശരിതെറ്റുകൾ തിരിച്ചറിയാൻ തുടങ്ങുക മാത്രം ചെയ്യുന്ന പ്രായം. ആ പ്രായത്തിലുള്ള ഒരു കുഞ്ഞിനോട് ക്രൂരത കാട്ടുന്നത് അറിവിന്റെ അമ്പലത്തെ അപമാനിക്കുന്നതിന് തുല്യമാണ്….
അടിച്ചമർത്തലല്ല, സ്നേഹമാണ് വിദ്യാഭ്യാസം.കുട്ടികൾ ഹോംവർക്ക് ചെയ്തില്ലെങ്കിലോ തെറ്റ് വരുത്തിയാലോ അവരെ സ്നേഹത്തോടെ തിരുത്തേണ്ടവരാണ് അധ്യാപകർ. ശിക്ഷയെന്ന പേരിൽ കുട്ടികളുടെ ശരീരത്തിലും മനസിലും ഏൽപ്പെടുത്തുന്ന മുറിവുകൾ ഒരിക്കലും മാഞ്ഞുപോവില്ല. വടിയും ഭയവും കൊണ്ടല്ല, മറിച്ച് വാത്സല്യവും ക്ഷമയും കൊണ്ടാണ് കുട്ടികളുടെ മനസ്സ് കീഴടക്കേണ്ടത്. അറിവിന്റെ വെളിച്ചം പകരുന്ന കൈകൾ ഒരിക്കലും ഒരു കുരുന്നിന്റെ മേൽ നോവിനായി ഉയരാൻ പാടില്ലാത്തതാണ്.
നമ്മുടെ ക്ലാസ് മുറികളിൽ ആ സ്നേഹവും കരുണയും പകർന്നുനൽകാൻ സാധിക്കുക എന്നത് ഓരോ അധ്യാപികയുടെയും കടമയാണ്. ഒരു സ്കൂളിൽ മാത്രം ഒതുങ്ങേണ്ടതല്ല ഈ ഉത്തരവാദിത്തം സമൂഹത്തിലെ ഓരോ മുതിർന്നവരും, പ്രത്യേകിച്ചും അക്ഷരം പഠിപ്പിക്കുന്നവരും കുഞ്ഞുങ്ങൾക്ക് സുരക്ഷിത തണലാവണം. അധ്യാപക-വിദ്യാർത്ഥി ബന്ധം എന്നത് വെറുമൊരു ഔദ്യോഗിക ബന്ധമല്ല, മറിച്ച് അമ്മയും കുട്ടിയും തമ്മിലുള്ളതുപോലെയുള്ള ആത്മബന്ധമാണ്.
പ്രണയ് തേജ് എന്ന കൊച്ചു കുഞ്ഞിന്റെ വിയോഗം നമുക്ക് നൽകുന്ന പാഠം കനത്തതാണ്. ഇത്തരം ദാരുണ സംഭവങ്ങൾ ഇനിയൊരു കുഞ്ഞിനും ഉണ്ടാകാതിരിക്കാൻ സ്കൂളുകളും സമൂഹവും ഒരുപോലെ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. അഞ്ച് വയസ്സുകാരന്റെ മാതാപിതാക്കളുടെ കണ്ണീരിന് പകരമാവില്ലെങ്കിലും, ഇനി വരുംതലമുറയ്ക്കെങ്കിലും സ്നേഹവും കരുണയും നിറഞ്ഞ സുരക്ഷിത ഇടങ്ങളായി നമ്മുടെ ക്ലാസ് മുറികൾ മാറട്ടെ.
”കുട്ടികൾ നമ്മൾ പറയുന്നതുകൊണ്ടല്ല, നമ്മൾ കാണുന്നതുകൊണ്ടാണ് പഠിക്കുന്നത്. അവരോട് കരുണ കാണിച്ചാൽ, നാളത്തെ ലോകവും കരുണയുള്ളതാകും.”
സിന്ധു രാജീവ്