Banner Ads

ആര്യ രാജേന്ദ്രന് സീറ്റ് നൽകാത്തത്; മന്ത്രി ശിവൻകുട്ടിക്ക് പറയാനുള്ളത് പത്താം ക്ലാസ് കഥ

തിരുവനന്തപുരം : കോർപറേഷൻ തിരഞ്ഞെടുപ്പിൽ മുൻ മേയർ ആര്യ രാജേന്ദ്രന് സീറ്റ് നൽകാത്തതിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. മികച്ച സ്ഥാനങ്ങളിലേക്ക് ആര്യ ഉയരുമെന്ന് സൂചന നൽകിയാണ് മന്ത്രി വിഷയത്തിൽ പ്രതികരിച്ചത്. പത്താം ക്ലാസിൽ പഠിച്ച കുട്ടിയെ എട്ടാം ക്ലാസിൽ ഇരുത്താനാകില്ലല്ലോ. മികച്ച സ്ഥാനങ്ങളിൽ ഇനിയും ആര്യയെ കാണാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ പ്രവർത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റാൻ ആര്യ പാർട്ടി നേതൃത്വത്തോട് അഭ്യർത്ഥിച്ചുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം. ഉള്ളൂരിലെ സിപിഎമ്മിന്റെ വിമത സ്ഥാനാർത്ഥിയെ സംബന്ധിച്ച ചോദ്യത്തിന് വലിയ രാഷ്ട്രീയപാർട്ടികൾ ആകുമ്പോൾ ഇത്തരം ചില അപ ശബ്ദം ഉണ്ടാകും എന്ന് വി ശിവന്‍കുട്ടി പ്രതികരിച്ചു.

അത് വലിയ ക്രൂരതയിലേക്ക് ഒന്നും പോകുന്നില്ല. വിമതർ ജനാധിപത്യം തുടങ്ങിയ അന്നുമുതലുണ്ട്.101 സ്ഥാനാർത്ഥികളെ മാത്രമേ പ്രഖ്യാപിക്കാൻ കഴിയുകയുള്ളൂ. സീറ്റ് കിട്ടാത്ത ചിലർ ഇത്തരം വിമതരായി മാറും. എന്നാൽ ഇത് ബിജെപിയിൽ ഉള്ളത് പോലുള്ള കെടുതി അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.