
ഹരിപ്പാട്:പണം നൽകാതെ മദ്യപിക്കാൻ ശ്രമിക്കുകയും തുടർന്ന് കള്ള് ഷാപ്പ് ജീവനക്കാരനെയും സമീപവാസിയെയും ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. തുലാംപറമ്പ് വടക്ക് തൃപ്പക്കുടം ക്ഷേത്രത്തിന് സമീപം കോന്തിനേഴത്ത് വീട്ടിൽ രഞ്ജിത്ത് (അപ്പുണ്ണി, 36) ആണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ ദിവസം കള്ള് ഷാപ്പിൽ പണം നൽകാതെ മദ്യപിക്കാൻ എത്തിയ രഞ്ജിത്ത് ഷാപ്പ് ജീവനക്കാരനായ അനീഷിനെ കുത്തി പരിക്കേൽപ്പിച്ചു. ഇത് തടയാൻ ശ്രമിച്ച സമീപവാസിയായ വിശ്വന്റെ തലയ്ക്ക് വെട്ടുകത്തികൊണ്ട് വെട്ടി മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തു.വീയപുരം എസ്.എച്ച്.ഒ. ഷെഫീക്ക്, സി.പി.ഒ. മാരായ അനീഷ് അനിരുദ്ധൻ, രഞ്ജിത്ത്, രതീഷ് ബാബു എന്നിവരടങ്ങിയ പോലീസ് സംഘമാണ് രഞ്ജിത്തിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.