
വയനാട്: റിസോർട്ടിൽ അതിക്രമിച്ചു കയറി ജീവനക്കാരനെയും സുഹൃത്തിനെയും കമ്പിവടി കൊണ്ട് ഗുരുതരമായി പരിക്കേൽപ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. തോമാട്ടുചാൽ കോട്ടൂർ സ്വദേശി ജിതിൻ ജോസഫ് (35) ആണ് പിടിയിലായത്. ഇയാളെ ശനിയാഴ്ച ബത്തേരിക്കടുത്ത് മന്ദംകൊല്ലിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.2023-ൽ കാപ്പ (KAAPA) ചുമത്തപ്പെട്ട ജിതിൻ ജോസഫ്, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
ഇയാൾക്കെതിരെ ബത്തേരി, അമ്പലവയൽ, കൽപറ്റ, താമരശ്ശേരി, മീനങ്ങാടി, മേപ്പാടി സ്റ്റേഷനുകളിലും കർണാടകയിലെ ഹൊസൂർ സ്റ്റേഷനിലുമായി കൊലപാതകം, പോക്സോ, അടിപിടി, ലഹരി, ദേഹോപദ്രവം ഏൽപ്പിക്കൽ, മോഷണം തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്.കഴിഞ്ഞ സെപ്റ്റംബർ 22-ന് രാത്രിയിലാണ് പൂതിക്കാടുള്ള ഒരു റിസോർട്ടിൽ അതിക്രമിച്ചു കയറിയ പ്രതികളും സംഘവും പരാതിക്കാരനെയും സുഹൃത്തിനെയും ആക്രമിച്ചത്.കമ്പിവടി ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഇരുവർക്കും ഗുരുതര പരിക്കേൽക്കുകയും റിസോർട്ടിന് നാശനഷ്ടം സംഭവിക്കുകയും ചെയ്തു.
നാശനഷ്ടം, ആയുധമുപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ഈ കേസിൽ ജിതിൻ ജോസഫിന് കൂട്ടുപ്രതികളായ പുത്തൻകുന്ന് സ്വദേശി ടി. നിഥുൻ (35), ദൊട്ടപ്പൻകുളം സ്വദേശി മുഹമ്മദ് ജറീർ (32), കടൽമാട് സ്വദേശി അബിൻ കെ. ബവാസ് (32), ചുള്ളിയോട് സ്വദേശി പി. അജിൻ ബേബി (32) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നത്തെ അറസ്റ്റോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.