Banner Ads

അരിയിൽ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്; ആറ് പേർക്ക് ജാമ്യം

കൊച്ചി : അരിയിൽ ഷുക്കൂർ വധക്കേസിൽ ഏഴ് പ്രതികൾക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി എ വി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി മനോഹരൻ, പത്താം പ്രതി എൻ പി ദിനേശൻ എന്ന മൈന ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ എന്ന വടി ബിജു, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.

ഇവർക്കെതിരായ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. കേസിൽ ആകെ 13 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഇതിൽ മൂന്ന് വർഷത്തിൽ താഴെ ശിക്ഷ ലഭിച്ച ആറ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. പതിനാലാം പ്രതി രാധാകൃഷ്ണൻ, പതിനാറാം പ്രതി സജിത്, ഇരുപത്തിയഞ്ചാം പ്രതി വി വി മോഹനൻ, ഇരുപത്തിയാറാം പ്രതി പുരുഷോത്തമൻ, ഇരുപത്തിയേഴാം പ്രതി അജിത് കുമാർ, ഇരുപത്തിയെട്ടാം പ്രതി പി പി സുരേശൻ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് പ്രതികൾ.

ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടർന്ന് 18 പേരെ കോടതി വെറുതെ വിട്ടു. 2012 ഫെബ്രുവരി 20നായിരുന്നു സംഭവം. തളിപ്പറമ്പ് അരിയിലിൽ ഒരു പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ വാഹനം ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. സിപിഐഎം പ്രാദേശിക നേതാക്കളടക്കം 29 പേർ കുറ്റകൃത്യത്തിൽ നേരിട്ട് പ്രതികളായിരുന്നു.

കൊലപാതക ആസൂത്രണത്തെക്കുറിച്ച് അറിഞ്ഞിട്ടും തടഞ്ഞില്ലെന്ന കുറ്റം (ഐപിസി 118) ചുമത്തിയാണ് സിപിഐഎം നേതാക്കളായ പി ജയരാജൻ, ടിവി രാജേഷ്, അന്തരിച്ച എവി ബാബു, യുവി വേണു എന്നിവരടക്കമുള്ളവരെ കേസിൽ പ്രതിചേർത്തിരുന്നത്.