
ആന്റണി വർഗ്ഗീസ് (പെപ്പെ) നായകനാകുന്ന പുതിയ ചിത്രം ‘കാട്ടാളന്റെ’ ഹെവി മാസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കയ്യിൽ സിഗാറുമായി, ചോരയൊലിക്കുന്ന മുഖവും കത്തുന്ന കണ്ണുകളുമായി നിൽക്കുന്ന പെപ്പെയെയാണ് ഫസ്റ്റ് ലുക്കിലുള്ളത്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാണ് താരം ചിത്രത്തിലെത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് സൂചന നൽകുന്നു.
മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമെന്ന് വിശേഷണമുള്ള ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദാണ് ‘കാട്ടാളൻ’ നിർമ്മിക്കുന്നത്. നവാഗതനായ പോൾ ജോർജ്ജാണ് സംവിധായകൻ. വൻ സാങ്കേതിക മികവോടെയും വലിയ ബഡ്ജറ്റോടെയും ഒരുങ്ങുന്ന ചിത്രം മികച്ച ദൃശ്യവിസ്മയമാകുമെന്നാണ് പ്രതീക്ഷ.
ചിത്രീകരണത്തിന് അടുത്തിടെ തായ്‌ലൻഡിൽ തുടക്കം കുറിച്ചിരുന്നു. ആനയുമായുള്ള ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെ ആന്റണി വർഗ്ഗീസിന് പരിക്കേറ്റതിനെ തുടർന്ന് സിനിമയുടെ അടുത്ത ഷൂട്ടിംഗ് ഷെഡ്യൂൾ താൽക്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്. താരത്തിന്റെ കൈയ്ക്ക് പൊട്ടലേറ്റതായും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അണിയറ പ്രവർത്തകർ അറിയിച്ചു. നിലവിൽ താരം വിശ്രമത്തിലാണ്.