
തൃശൂർ: തൃശൂർ അന്തിക്കാട് ചെമ്മാപ്പിള്ളി തെക്കിനിയേടത്ത് ശ്രീ ഭൂവനേശ്വരി ദേവി ക്ഷേത്രത്തിൽ വീണ്ടും മോഷണം. ശ്രീകോവിലിന് മുന്നിലെയും നാഗപ്രതിഷ്ഠയുടെ മുന്നിലെയും ഭണ്ഡാരങ്ങളും ഓഫീസ് മുറിയിലെ മേശയും തകർത്ത നിലയിലാണ്.
ക്ഷേത്രത്തിന് സമീപത്തുനിന്നും മോഷ്ടാക്കൾ ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് വലിയ കമ്പികളും അരിവാളും കൊലരിയും ഉൾപ്പെടെയുള്ള പണിയായുധങ്ങൾ പോലീസ് കണ്ടെടുത്തു.
മാസങ്ങൾക്ക് മുൻപ് ഇതേ ക്ഷേത്രത്തിൽനിന്ന് 5000 രൂപയോളം കവർച്ച ചെയ്തതിനെ തുടർന്ന് ക്ഷേത്ര കമ്മിറ്റി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇത്തവണ മോഷണം നടത്തിയശേഷം ക്യാമറകളുടെ സ്ഥാനങ്ങൾ മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. ക്ഷേത്ര ഭാരവാഹികളുടെ പ്രാഥമിക കണക്കനുസരിച്ച് ഏകദേശം 10,000 രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ ശാന്തിക്കാരൻ ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് ഭണ്ഡാരങ്ങൾ തുറന്നുകിടക്കുന്നത് കണ്ടത്. തുടർന്ന് ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പുലർച്ചെ രണ്ടു മണിയോടെയാണ് മോഷണം നടന്നതെന്ന് വ്യക്തമായി. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.