Banner Ads

ചിക്കൻ പീസ് അധികം ചോദിച്ചത് തർക്കമായി; കല്യാണ വിരുന്നിലെ കൂട്ടത്തല്ലിൽ 15കാരന് ദാരുണാന്ത്യം

കനൗജ് : ഉത്തർപ്രദേശിലെ കനൗജിൽ വിവാഹ വിരുന്നിനിടെയുണ്ടായ കൂട്ടത്തല്ലിൽ 15 വയസ്സുകാരന് ദാരുണാന്ത്യം. വിരുന്നിൽ ഒരു ചിക്കൻ കാൽ അധികമായി ചോദിച്ചതിനെ തുടർന്നാണ് കൂട്ടത്തല്ലും കൊലപാതകവും നടന്നത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹ ചടങ്ങുകളുടെ ഭാഗമായ വിരുന്നിൽ 15കാരനൊപ്പമുണ്ടായിരുന്ന 65കാരനായ മുത്തച്ഛൻ ഒരു ചിക്കൻ പീസ് അധികമായി ചോദിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

മുത്തച്ഛനെ പരസ്യമായി പരിഹസിക്കാൻ ശ്രമിച്ചതിനെ 15കാരൻ ചോദ്യം ചെയ്തതോടെയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. കട്ട ഉപയോഗിച്ച് നെഞ്ചിലും പുറത്തും ഇടിയേറ്റാണ് 15കാരൻ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് തളർന്നു വീണ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.