തിരുവല്ല: കുറ്റൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേടുകളില്‍ നഷ്ടമായ തുക ഈടാക്കാന്‍ സഹകരണ വകുപ്പ് നടപടി ആരംഭിച്ചു. 2014 മുതലുളള രണ്ട് കാലയളവിലെ ഭരണ സമിതി അംഗങ്ങളില്‍ നിന്ന് തുക ഈടാക്കാനാണ് സഹകരണ വകുപ്പ് പത്തനംതിട്ട ജോയിന്റ് രജിസ്ട്രാര്‍ നടപടി തുടങ്ങിയിരിക്കുന്നത്. ഈ കാലയളവിലെ ഭരണ സമിതി അംഗങ്ങള്‍ക്ക് ലക്ഷങ്ങള്‍ പിഴയായി അടയ്ക്കുന്നതിനുളള നോട്ടീസ് നല്‍കി.
13 അംഗ ഭരണ സമിതിയില്‍പ്പെട്ടവരും പ്രസിഡന്റും, സെക്രട്ടറിയും അടക്കമുളളവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രണ്ട് ഭരണസമിതിയിലും അംഗങ്ങളായിരുന്നവര്‍ക്ക് 25 ലക്ഷത്തോളം രൂപയും ഒരുഭരണ സമിതിയില്‍മാത്രം അംഗമായിരുന്നവര്‍ക്ക് 15 ലക്ഷത്തോളം രൂപയും പിഴയൊടുക്കാനാണ് നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സഹകരണ നിയമം 68(2) പ്രകാരമാണ് നോട്ടീസ്. സഹകരണ നിയമം 68(1) പ്രകാരം അസിസ്റ്റന്റ് രജിസ്ട്രാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
18-ന് അകം പിഴയടക്കണമെന്നും പരാതിയുളളവര്‍ 19-ന് ജോയിന്റ് രജിസ്ട്രാറെ നേരില്‍ക്കണ്ട് വിവരം ധരിപ്പിക്കണമെന്നും നോട്ടീസില്‍ ഉണ്ട്. വിവിധ ഇടപാടുകളിലെ ക്രമക്കേടുകള്‍ എന്നാണ് നോട്ടീസില്‍ പരാമര്‍ശിച്ചിരിക്കുന്നത്. എന്നാല്‍ ക്രമക്കേടുകള്‍ എന്തൊക്കെയെന്നോ ആകെത്തുക എത്രയെന്നോ അധികൃതര്‍ വ്യക്തമാക്കിയില്ല. ബാങ്കിന്റെ കെട്ടിടം നവീകരിച്ചതിന് സര്‍ക്കാര്‍ അനുമതിയില്ലാതെ കൂടുതല്‍ ചെലവഴിച്ചതാണ് ക്രമക്കേടുകളില്‍ പ്രധാനമെന്നാണ് പുറത്തുവരുന്ന വിവരം.