Banner Ads

തലച്ചോറിനെ ബാധിക്കുന്ന അമീബ; വേനൽക്കാലത്ത് ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽചൂട് കടുക്കുന്ന പശ്ചാത്തലത്തിൽ അമീബിക് മസ്തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ശുദ്ധമല്ലാത്ത വെള്ളത്തിൽ കുളിക്കുന്നതും മുഖം കഴുകുന്നതും ഒഴിവാക്കണമെന്നും ജലസ്രോതസ്സുകൾ മലിനമാകാതെ സൂക്ഷിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

വെള്ളത്തിൽ കാണപ്പെടുന്ന അക്കാന്തമീബ, നെഗ്ലേറിയ ഫൗളേറി എന്നീ സൂക്ഷ്മജീവികളാണ് ഈ രോഗമുണ്ടാക്കുന്നത്. മലിനമായ കുളങ്ങൾ, തടാകങ്ങൾ, കൃത്യമായി ക്ലോറിനേറ്റ് ചെയ്യാത്ത നീന്തൽക്കുളങ്ങൾ എന്നിവയിൽ ഇവ കാണപ്പെടുന്നു. മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന അമീബ നേരിട്ട് തലച്ചോറിനെ ബാധിക്കുകയാണ് ചെയ്യുന്നത്.

പ്രതിരോധശേഷി കുറഞ്ഞവർക്ക് മുറിവുകളിലൂടെയും അക്കാന്തമീബ ശരീരത്തിൽ പ്രവേശിക്കാം. കടുത്ത പനി, പെട്ടെന്നുള്ള ജ്വരം, തലവേദന, ഛര്‍ദ്ദി, കഴുത്ത് വേദന, ബോധക്ഷയം, വെളിച്ചം കാണുമ്പോള്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.

കിണറുകൾ, ടാങ്കുകൾ, നീന്തൽക്കുളങ്ങൾ എന്നിവ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി എത്തുന്നവർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം കൂടി കണ്ടെത്താനുള്ള പരിശോധന നടത്താൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകി.

രോഗം വേഗത്തിൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ വൈദ്യസഹായം തേടണം. ആഗോളതലത്തിൽ ഈ രോഗം ബാധിച്ചവരുടെ മരണനിരക്ക് 90 ശതമാനത്തിന് മുകളിലാണെങ്കിലും കേരളത്തിൽ മികച്ച ചികിത്സാ രീതികളിലൂടെ ഇത് 24 ശതമാനമായി കുറയ്ക്കാൻ സാധിച്ചു.

തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബ്, തോന്നയ്ക്കൽ ഐഎവി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ അമീബയെ തിരിച്ചറിയാനുള്ള നൂതന പരിശോധനാ സംവിധാനങ്ങൾ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.