
ദില്ലി : ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികളിലൊരാളായ അമീർ റഷീദ് അലിക്ക് കുറ്റബോധമോ പശ്ചാത്താപമോ ഇല്ലെന്ന് പ്രതിക്കുവേണ്ടി കോടതി നിയോഗിച്ച അഭിഭാഷക സ്മൃതി ചതുർവേദി. ആക്രമണത്തിന് ഉപയോഗിച്ച ഹ്യുണ്ടായ് ഐ20 കാർ അലിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും അഭിഭാഷക വെളിപ്പെടുത്തി. എൻഐഎയുടെ ചോദ്യം ചെയ്യലിനിടെ സ്ഫോടനത്തിന് ഉപയോഗിച്ച വാഹനത്തിന്റെ രജിസ്റ്റർ ചെയ്ത ഉടമ താനാണെന്ന് അലി പറഞ്ഞു.
എന്നാൽ അമീർ റഷീദ് അലിയുടെ മുഖത്ത് കുറ്റബോധമോ പശ്ചാത്താപമോ ഉണ്ടായിരുന്നില്ലെന്ന് സ്മൃതി ചതുർവേദി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി അമീർ റഷീദ് അലിയെ കസ്റ്റഡിയിൽ വിട്ടുകിട്ടേണ്ടത് അത്യാവശ്യമാണെന്ന് എൻഐഎ കോടതിയെ അറിയിച്ചു. ചെങ്കോട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ഡോ ഉമർ ഉൻ നബിയെ സഹായിച്ചുവെന്നാണ് അമീർ റഷീദ് അലിക്കെതിരെയുള്ള ആരോപണം.