അടിമാലി: സർക്കാർ ഹൈസ്ക്കൂളിൽ ഒമ്പതാംക്ലാസിലെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കുന്നുവെന്നാരോപിച്ച് സ്കൂളിൽ രക്ഷിതാക്കളുടെയും വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെയും പ്രതിഷേധം. അപ്രതീക്ഷിതമായി ഡിവിഷൻ നിർത്തലാക്കാൻ തീരുമാനിച്ചാൽ വിദ്യാർത്ഥികളുടെ പഠനം അവതാളത്തിലാകുമെന്നാരോപിച്ചായിരുന്നു പ്രഥമാധ്യാപികയുടെ ഓഫീസിൽ പ്രതിഷേധം നടന്നത്.
തൽസ്ഥിതി തുടരാമെന്ന ഉറപ്പിൻമേൽ പ്രതിഷേധം അവസാനിച്ചു.അടിമാലി സർക്കാർ ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസിൻ്റെ ഭാഗമായ സി ഡിവിഷൻ നിർത്തലാക്കാൻ പോകുന്നുവെന്നാരോപിച്ചായിരുന്നു ഇന്ന് രാവിലെ രക്ഷിതാക്കളും ഇടത്, വലത് യുവജന സംഘടനകളും പ്രതിഷേധവുമായി എത്തിയത്. ഇംഗ്ലീഷ് മീഡിയമായാണ് ഒമ്പതാം ക്ലാസിലെ സി ഡിവിഷൻ പ്രവർത്തിച്ച് വന്നിരുന്നത്.
അപ്രതീക്ഷിതമായി ഡിവിഷൻ നിർത്തലാക്കാൻ തീരുമാനിച്ചാൽ വിദ്യാർത്ഥികളുടെ പഠനം അവതാളത്തിലാകുമെന്ന് സ്കൂളിലേക്ക് പ്രതിഷേധവുമായി എത്തിയ രക്ഷിതാക്കൾ ആരോപിക്കുന്നു.സി ഡിവിഷൻ നിലനിർത്തണമെന്നാവശ്യപ്പെട്ട് പ്രഥമാധ്യാപികയുടെ ഓഫീസിൽ പ്രതിഷേധം നടന്നു.പ്രതിഷേധം തുടർന്നതോടെ പോലീസ് സ്ഥലത്തെത്തി ഓഫീസിൽ നിന്നും പ്രതിഷേധക്കാരെ മാറ്റി.
തൽസ്ഥിതി തുടരാമെന്ന ഉറപ്പിൻമേൽ പിന്നീട് പ്രതിഷേധം അവസാനിപ്പിച്ചു. ഡിവിഷൻ്റെ പ്രവർത്തനത്തിനായി സ്പെഷ്യൽ ഓർഡർ വഴി അധ്യാപരെ നിയമിക്കാൻ ഇടപെടൽ നടത്തുമെന്ന് സ്കൂൾ പ്രഥമാധ്യാപിക പറഞ്ഞു.ഡിവിഷൻ നിർത്തലാക്കുന്ന തരത്തിലുള്ള പ്രവർത്തനം അംഗീകരിക്കാനാകില്ലെന്നും ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടരുവാൻ വേണ്ടുന്ന ഇടപെടൽ നടത്തുമെന്നും അടിമാലി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി ഡി ഷാജി പറഞ്ഞു.