
കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥ മൂലം നവജാതശിശുവിന്റെയും അമ്മയുടെയും ജീവൻ അപകടത്തിലായതായി പരാതി. പ്രസവവേദനയ്ക്കുള്ള മരുന്ന് നൽകിയ ശേഷം ഡോക്ടർമാർ വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി എടവനക്കാട് സ്വദേശി നവനീത് ഷാജി രംഗത്തെത്തി.
അവസ്ഥ ഗുരുതരമായതിനെ തുടർന്ന് ഭാര്യയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ജനറൽ ആശുപത്രിയിലെ ഡോക്ടർ നിർദ്ദേശിച്ചതെന്ന് നവനീത് പറഞ്ഞു. ആശുപത്രിയിൽ നിന്ന് ഇറങ്ങുമ്പോഴേക്കും കുഞ്ഞ് പുറത്തുവരുന്ന നിലയിലായിരുന്നു.
കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചാണ് പ്രസവം എടുത്തത്. അപ്പോഴേക്കും കുഞ്ഞിന്റെ കൈയ്ക്ക് സ്വാധീനശേഷി നഷ്ടപ്പെട്ടിരുന്നു. നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
വിദഗ്ധ ചികിത്സയ്ക്കായി അമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയ്ക്കെതിരെ ജില്ലാ മെഡിക്കൽ ഓഫീസർക്കും, ജില്ലാ കളക്ടർക്കും, മുഖ്യമന്ത്രിക്കും കുടുംബം പരാതി നൽകി. എറണാകുളം സെൻട്രൽ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.