Banner Ads

വിമാനത്തിൽ ഗുണനിലവാരം ഉറപ്പാക്കിയില്ല; യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ എയർ ഇന്ത്യയോട് ഹൈക്കോടതി

ചെന്നൈ : എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ മുടി കണ്ടെത്തിയ സംഭവത്തിൽ വിമാനക്കമ്പനി 35,000 രൂപ പിഴയടക്കണമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. യാത്രക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സിവിൽ കോടതിയുടെ വിധിക്കെതിരെ എയർ ഇന്ത്യ നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി പിഴത്തുക കുറച്ച് ഉത്തരവിട്ടത്.

എയര്‍ ഇന്ത്യയുടെ കൊളംബോയില്‍ നിന്നും ചെന്നൈയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനാണ് ഭക്ഷണത്തില്‍ മുടി കണ്ടെത്തിയത്. ഭക്ഷണത്തിൽ മുടി കണ്ടെത്തിയതിനെ തുടർന്ന് വിമാനത്തിലെ ജീവനക്കാരെ വിവരം അറിയിച്ചു. എന്നാൽ തന്റെ പരാതിയിൽ വിമാനക്കമ്പനി വേണ്ടത്ര നടപടിയൊന്നും എടുക്കാത്തതിനെ തുടർന്നാണ് യാത്രക്കാരൻ നിയമനടപടിയുമായി മുന്നോട്ട് പോയത്.

ഇതേ തുടർന്നാണ് എയർ ഇന്ത്യയ്ക്ക് കോടതി പിഴ ചുമത്തിയത്. വിമാനയാത്രക്കാർക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ കമ്പനിക്ക് വീഴ്ച പറ്റിയെന്ന് കോടതി നിരീക്ഷിച്ചു.