ലക്നൗ:ഉത്തർ പ്രദേശിലെ പ്രയാഗ്രാജിലേക്ക് വിശ്വാസികൾ ഒഴുകിയെത്തിയതിന് പിന്നാലെ മധ്യപ്രദേശ് പൊലീസിന് ഗതാഗതം നിർത്തി വയ്ക്കേണ്ട അവസ്ഥയാണ് ഞായറാഴ്ചയുണ്ടായത്.പ്രയാഗ്രാജിലേക്കുള്ള നൂറ് കണക്കിന് വാഹനങ്ങൾ മധ്യപ്രദേശിലെ വിവിധ മേഖലകളിൽ നിർത്തിയിട്ടതിന് പിന്നാലെയാണ് 300 കിലോമീറ്ററോളം ദൂരത്തിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്.
മധ്യപ്രദേശിലെ കട്‌നി ജില്ലയിൽ പൊലീസ് വാഹനങ്ങൾ ഗതാഗതം തിങ്കളാഴ്ച വരെ നിർത്തി വയ്ക്കുന്നതായി അറിയിപ്പ് നൽകുന്ന സാഹചര്യവും ഉണ്ടായി. ജബൽപൂർ മേഖലയിലേക്ക് തിരിച്ച് പോയി വാഹനങ്ങൾ അവിടെ കാത്തിരിക്കാനാണ് പൊലീസ് നിർദ്ദേശം നൽകിയത്.ജനുവരി 13നാണ് മഹാകുംഭമേള ആരംഭിച്ചത്. ഫെബ്രുവരി 26നാണ് മഹാകുംഭമേള അവസാനമാകുന്നത്. ഇതിനിടയിൽ രണ്ട് പ്രധാന ദിവസങ്ങൾ കൂടിയാണുള്ളത്.
ഫെബ്രുവരി 12 ന് മാംഗി പൂർണിമയും ഫെബ്രുവരി 26ന് മഹാശിവരാത്രിയുമാണ് ഇനിയുള്ള സുപ്രധാന ദിവസങ്ങൾ.മഹാകുംഭമേളയിലെ തീർത്ഥാടക പങ്കാളിത്തത്തെക്കുറിച്ചുള്ള ഉത്തർപ്രദേശ് സർക്കാർ ഔദ്യോഗിക കണക്ക് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇതുവരെ 38.97 കോടി പേർ സ്നാനം നടത്തിയെന്നാണ് ഉത്തർ പ്രദേശ് സർക്കാർ വിശദമാക്കുന്നത്.