
തൃശൂർ: തൃശ്ശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ആഫ്രിക്കൻ പന്നിപ്പനി (African Swine Fever) സ്ഥിരീകരിച്ചു. ഭോപ്പാലിലെ എൻ.ഐ.എച്ച്.എസ്.എ.ഡി. ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.ദ്രുത കർമ്മ സേന (Rapid Response Team) പ്രവർത്തനമാരംഭിച്ചു.
രോഗം കണ്ടെത്തിയ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് ‘രോഗബാധിത പ്രദേശമായും’ പത്ത് കിലോമീറ്റർ ‘രോഗ നിരീക്ഷണ മേഖലയായും’ പ്രഖ്യാപിച്ചു.ഈ പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പന്നി മാംസം വിതരണം ചെയ്യുന്നത്, വിതരണ കേന്ദ്രങ്ങളുടെ പ്രവർത്തനം, പന്നികളെ മറ്റു ജില്ലകളിലേക്ക് കൊണ്ടുപോകുന്നത് എന്നിവയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശം നൽകി.
പന്നികളിൽ മാത്രം കണ്ടുവരുന്ന ഈ രോഗം മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുവാൻ സാധ്യതയില്ലെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഐസക് സാം അറിയിച്ചു.