
തിരുവനന്തപുരം : അടൂർ പോലീസ് സ്റ്റേഷനിലെ ജനപ്രതിനിധികളുടെയും കെഎസ്യു നേതാക്കളുടെയും അതിക്രമം വളരെ ഗൗരവമുള്ള വിഷയമാണെന്ന് സംസ്ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖർ. സംഭവത്തിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വീഴ്ചകൾ ഗൗരവത്തോടെ അന്വേഷിക്കുമെന്നും റാവാഡ ചന്ദ്രശേഖർ പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികൾ സ്റ്റേഷനുകളിൽ വരുന്നത് സ്വാഭാവികമാണെങ്കിലും അതിനപ്പുറം അവിടെ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ഡിജിപി വ്യക്തമാക്കി. കെഎസ്യു നേതാവ് ഫെനി നൈനാൻ, ശ്രീനാദേവി കുഞ്ഞമ്മ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സ്റ്റേഷൻ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണത്തിന് തയാറായത്.
സംഭവത്തിൽ അടൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്താൻ എസ്പി നിർദ്ദേശം നൽകി. അക്രമികൾക്ക് പോലീസ് ഒത്താശ ചെയ്തോ എന്നതിനൊപ്പം പോലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും സംഘം പരിശോധിക്കും. ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തുകൊണ്ടുവന്നപ്പോഴാണ് അടൂർ പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് അന്ന് കേസെടുത്തിരുന്നെങ്കിലും പ്രതികളെ കണ്ടാലറിയാവുന്നവർ എന്ന് മാത്രമാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരുന്നത്. ഉന്നത രാഷ്ട്രീയ സ്വാധീനത്താൽ അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തുകയും തുടർന്ന് വിവരാവകാശ നിയമപ്രകാരം സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുകയുമായിരുന്നു. ഇത് വിവാദമായതോടെയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഇപ്പോൾ അന്വേഷണ നടപടികൾ ഉണ്ടാകുന്നത്.