
ആലപ്പുഴ: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം രൂക്ഷമാകുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഭൂരിഭാഗം വകുപ്പുകളിലെയും ഡോക്ടര്‍മാര്‍ കുറിച്ച് നല്കുന്ന മരുന്നുകള്‍ ഫാര്‍മസിയില്‍ ലഭ്യമാകുന്നില്ലെന്ന് രോഗികള്‍ പരാതിപ്പെടുന്നു. വിലകൂടിയ മരുന്നുകളൊന്നും സൗജന്യമായി ലഭിക്കാത്തതിനെ തുടർന്ന് ഉയര്‍ന്ന തുക നല്കി സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങേണ്ട ഗതികേടിലാണ് രോഗികൾ.
ഓര്‍ഡര്‍ നല്കിയ മരുന്നുകള്‍ എത്തിച്ചേരാനുള്ള കാലതാമസമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, അപസ്മാരം, ക്യാന്‍സര്‍ പ്രതിരോധം, കീമോതെറാപ്പി തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ക്ക് സംസ്ഥാനത്തുടനീളം വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. സ്ഥിരമായി മരുന്നു കഴിക്കേണ്ട രോഗികൾ ആശുപത്രികളിലെത്തി വെറുംകൈയോടെ മടങ്ങേണ്ടി വരുന്നു.
മരുന്നുക്ഷാമം പുറത്തറിയാതിരിക്കാൻ പ്രാദേശികമായി മരുന്നുകൾ വാങ്ങാൻ സർക്കാരിന്റെ നിർദേശമുണ്ട്.ഭീമമായ തുക കുടിശ്ശികയുള്ളതിനാൽ സ്വകാര്യ വിതരണക്കാർ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മരുന്നുകളും ഉപകരണങ്ങളും നല്കാൻ മടിക്കുകയാണ്.
ക്യാന്‍സര്‍ അടക്കമുള്ള ഗുരുതര രോഗങ്ങൾക്കുള്ള വിലകൂടിയ മരുന്നുകൾ പുറത്തുനിന്ന് വാങ്ങാൻ വൻ തുക ആവശ്യമുള്ളതിനാൽ നിർധനരായ രോഗികളാണ് ഏറേ ദുരിതത്തിലായിരിക്കുന്നത്.