
കൊച്ചി : അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കടവന്ത്ര പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ വിവരങ്ങൾ പുറത്ത്. അൻസിബയെ ജിഹാദി എന്നും മതതീവ്രവാദി എന്നും വിളിച്ച് ആക്ഷേപിക്കാൻ ടിനി ടോം ശ്രമിച്ചതായും പരസ്യമായി അശ്ലീല-ലൈംഗിക പരാമർശങ്ങൾ നടത്തി അപമാനിച്ചതായും എഫ്ഐആറിൽ പറയുന്നു.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശത്തെത്തുടർന്നാണ് പോലീസ് കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്ത കടവന്ത്ര പോലീസ് ടിനി ടോമിനെ ചോദ്യം ചെയ്യാനായി ഉടൻ വിളിച്ചു വരുത്തും. ഫെബ്രുവരി 13ന് കടവന്ത്ര റീജണൽ സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന അമ്മ സംഘടനയുടെ കുടുംബസംഗമ റിഹേഴ്സലിനിടെയാണ് കേസിനാസ്പദമായ സംഭവം.
നിരവധി താരങ്ങളുടെ സാന്നിധ്യത്തിൽ ടിനി ടോം അൻസിബയ്ക്ക് നേരെ മോശം ലൈംഗിക പരാമർശങ്ങൾ നടത്തി. കൂടാതെ സംഘടനയിലെ മറ്റ് അംഗങ്ങൾക്കിടയിൽ നടിയെ ജിഹാദി, മതതീവ്രവാദി എന്ന് വിളിച്ച് ആക്ഷേപിക്കുകയും അവരുടെ മതപരമായ വ്യക്തിത്വത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ പ്രചാരണം നടത്തുകയും ചെയ്തു.
സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അധിക്ഷേപം, കുറ്റകരമായ ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.