
കൊല്ലം : കടയ്ക്കൽ വയലായിൽ റേഷൻ കട നടത്തിപ്പുകാരനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കകം പൊലീസിന്റെ പിടിയിലായി. കുളത്തൂപ്പുഴ സ്വദേശി വിൽസൺ (65) ആണ് പിടിയിലായത്. വയലായിൽ റേഷൻ കട നടത്തിവന്നിരുന്ന അനിൽകുമാറാണ് (62) കൊല്ലപ്പെട്ടത്. റേഷൻ കടയ്ക്കുള്ളിൽ വെച്ചാണ് അനിൽകുമാറിനെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്.
കൃത്യത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രതിയെ പഴുതടച്ച അന്വേഷണത്തിലൂടെയാണ് പൊലീസ് പിടികൂടിയത്. സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതക വിവരം ലഭിച്ച ഉടൻ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണന്റെ നിർദേശപ്രകാരം കൊട്ടാരക്കര ഡിവൈഎസ്പി ഷെരീഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
കൃത്യത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത വിൽസൺ പത്തനാപുരത്ത് നിന്ന് മാനന്തവാടിയിലേക്ക് പോകുന്ന ബസ്സിൽ കയറി രക്ഷപ്പെടാനാണ് ശ്രമിച്ചത്. സൈബർ സെല്ലിന്റെയും മറ്റും സഹായത്തോടെ പ്രതിയുടെ നീക്കങ്ങൾ മനസ്സിലാക്കിയ കടയ്ക്കൽ പൊലീസ് ബസ് കൂത്താട്ടുകുളത്ത് എത്തിയപ്പോൾ പ്രതിയെ പിടികൂടുകയായിരുന്നു.
കടയ്ക്കൽ എസ്എച്ച്ഒ ജ്യോതിഷ് ചിറവൂർ, എസ്ഐമാരായ ഷാജി, ബിനിൽ, സിപിഒമാരായ രഞ്ജിത്ത്, ജഗദീഷ്, അനീഷ്, നിതീഷ്, ശ്യാംമോഹൻ, ബിനു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.